Search Movies

Wednesday 29 July 2015

15.Njan Steve Lopez

Malayalam/2014/116min
Directed by Rajeev Ravi











ഞാൻ സ്റ്റീവ് ലോപ്പസ്സ് - തിരക്കഥയുടെ കയ്യൊതുക്കവും, സംഭാഷണത്തിലെ സ്വാഭാവികതയും, ദൃശ്യഭാഷയിലെ സൗന്ദര്യവും ഒത്തുവന്നപ്പോൾ ആസ്വാദനം അനായാസമാകുന്നു. 'അന്നയും റസൂലും' എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ സ്വതന്ത്രമായ റിയലിസ്റ്റിക് ആഖ്യാനം തന്നിലെ സംവിധായകന്  എത്രമാത്രം വഴങ്ങും എന്ന് തെളിയിച്ച രാജീവ് രവി അതേ ശ്രേണിയിൽ തന്നെയാണ്  'ഞാൻ സ്റ്റീവ് ലോപ്പസും' അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകനും നായികയും അടങ്ങുന്ന  ഒരു കഥ പറഞ്ഞു തീർക്കുക എന്നതിനപ്പുറം സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും, വ്യക്തികളും തമ്മിൽ ഉടലെടുക്കുന്ന കലഹങ്ങൾ  സാമൂഹിക ജീവികളായ കഥയിലെ പാത്രങ്ങളെയും സ്വാധീനിക്കും എന്നതിന് ചിത്രം സാക്ഷ്യമാണ്.

സ്റ്റീവ് സമകാലിക യുവത്വത്തിന്റെ വക്താവാണോ ? കൂടുകാരോടൊപ്പം ലഹരി നുണയുന്ന, സദാസമയവും സമൂഹ മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന, തന്റെ സഹപാഠിയായ അഞ്ജലിയെ  പ്രണയിക്കുന്ന, ആഘോഷങ്ങളിൽ മതിമറന്നാടുന്ന സ്റ്റീവ്. ആധുനിക യുവത്വത്തിന്റെ അലസതകൾ പിന്തുടരുന്ന സ്റ്റീവിനെ സംവിധായകൻ സൂക്ഷ്മമായി നീരീക്ഷിക്കാൻ വിട്ടു തരുന്നുണ്ട്. ഉയർന്ന തസ്ഥികയിൽ ഉള്ള ഒരു പോലീസുകാരന്റെ മകൻ എന്ന നിലയിൽ ഇളവുകളും സംരക്ഷണവും കൽപ്പിക്കപ്പെടുന്നുണ്ട് അവന്. അലക്ഷ്യമായ, നിസ്സംഗ ജീവിതശൈലി തുടർന്ന് പോകുന്ന സ്റ്റീവിന് ഒരു കൗമാരക്കാരന്റേതായ വിചാരങ്ങളും ഉണ്ട്. ബാത്ത്റൂമിൽ നിന്നും അയൽക്കാരിയെ ഒളിഞ്ഞു നോക്കുന്ന കഥാനായകനിൽ തെളിയുന്നന്നത് സ്നേഹമോ പ്രേമമോ അല്ല.

തിരക്കഥയുടെ ഇട്ടാവട്ടങ്ങൾക്കപ്പുറം സംവിധായകന്റെ മനസ്സിൽ സംഭവിച്ചതായി അനുഭവപ്പെടാറുണ്ട് രാജീവ്‌ രവിയുടെ സിനിമകൾ. മലയാള സിനിമയിലെ പുതു വഴിവെട്ടലായി കണ്ടു സമീപകാല ക്ലീഷേകളെ നിരാകരിക്കുമ്പോഴും ആ സ്വഭാവത്തിന്  സ്റ്റീവ്-അഞ്ജലി പ്രണയം ഒരു വിലങ്ങായി മാറുന്നുണ്ട്. സ്റ്റീവിന്റെ ജീവിതം തന്നെ മാറി മറയുന്നത് തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ അരങ്ങേറുന്ന ഒരു കൊലപാതക ശ്രമത്തിനു സാക്ഷിയാവുന്നതോടെയാണ്. അവിടെ സ്റ്റീവ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാകുന്നു. ഒരു സാമൂഹ്യ ജീവി എന്ന നിലക്ക് ഉണരേണ്ട സഹാനുഭൂതി അവനിൽ പ്രകടമാകുന്നു. അവിടെ നിന്നും ഉടലെടുക്കുന്ന സാമൂഹ്യ ബോധം സ്റ്റീവിനെ കൊണ്ടെത്തിക്കുന്നത് തനിക്കു പരിചിതമല്ലാത്ത മറ്റൊരു ലോകത്തിലേക്കാണ്. സത്യം തേടിയുള്ള നായകൻറെ നിഷ്കളങ്കമായ യാത്രയിൽ അപരിചിതമായ ഒരു പരിചിത ലോകം സൃഷ്ട്ടിച്ചെടുക്കുകയാണ് രാജീവ് രവി.




'നഷ്ട്ടപെട്ട നിഷ്കളങ്കത വീണ്ടെടുക്കാനുള്ള ശ്രമമാണ് ഓരോ കലാപവും' - ഫ്രഞ്ച് നോവലിസ്റ്റും ഫിലോസഫറുമായ  Albert Camus-ന്റെ പ്രസിദ്ധമായ ഈ വാചകമാണ് 'ഞാൻ സ്റ്റീവ് ലോപ്പസ്സിന്റെ'  ആമുഖമായി അവതരിപ്പിക്കുന്നത്‌.  വ്യക്തി സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കപ്പെടാത്ത സാമൂഹിക ഘടന മാറിമറയണമെന്നും, ഭരണ പ്രക്രിയ പ്രവർത്തനക്ഷമമാകണമെന്നും ഉള്ള സൂചനകൾ ചിത്രം നിലനിർത്തുന്നു. നീതി നിർവ്വഹണത്തിന്റെ ഒരു ഉയർന്ന സ്ഥാനത്തുള്ള തന്റെ പിതാവുപോലും നിസ്സഹായകനോ, സ്വാർത്ഥനോ ആകുന്ന സാഹചര്യത്തിൽ സമൂഹം നിർമ്മിച്ചെടുക്കുന്ന യുവത്വം, സാമൂഹ്യ ബോധം വീണ്ടെടുത്തു സഞ്ചരിക്കുന്ന യജ്ഞമാണ് സ്റ്റീവിന്റേത്. അലസനിൽ നിന്നും വ്യക്തിയായി പരിണമിച്ച് നിർവ്വഹണശേഷിയിലേക്ക് ഉയരുമ്പോൾ സ്റ്റീവും ഹനിക്കപ്പെടും. എന്നാൽ ഏവരും പിന്തുടരുന്ന സഞ്ചാരപഥത്തിൽ അലസ യുവത്വമായിരുന്നപ്പോൾ അവൻ സുരക്ഷിതനാണ്‌.

പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജീവിതത്തിലേക്കെന്ന പോലെ അയാൾ കയ്യുയർത്തുന്ന രംഗം മികവുറ്റതായി മാറി. തെറ്റും ശരിയും ആപേക്ഷികമാവുകയും ജീവിതസാഹചര്യങ്ങളിലെ സാമ്പത്തിക ഞെരുക്കം തെറ്റിലേക്ക് വഴിയൊരുക്കുമെന്നും കുറ്റവാളികളിൽ ഒരാളുമൊത്തുള്ള സംഭാഷണത്തിൽ സ്റ്റീവിന് വ്യക്തമാവുന്നു. തെരുവിലെ സംഘർഷങ്ങളും ചായക്കടയിലെ സ്ഫോടനവും എല്ലാം റിയലിസം കൊണ്ട് അനായാസ ആസ്വാദനം സാധ്യമാക്കി ഛായാഗ്രഹകൻ പപ്പു.  പുതുമുഖം ഫർഹാൻ ഫാസിൽ നിയന്ത്രിത ഭാവങ്ങളുമായി സ്റ്റീവായി തന്നെ മാറിയപ്പോൾ നിഴൽ നായികയായി ആണെങ്കിലും അരങ്ങേറ്റം മികച്ചതാക്കി അഹാന കൃഷ്ണ. പ്രകടനത്തിൽ, ഹരിയെ അവതരിപ്പിച്ച സുജിത് ശങ്കർ, സ്റ്റീവിന്റെ പിതാവ് ജോർജ്ജ് ലോപ്പസ്സിനെ അവതരിപ്പിച്ച അലൻസിയർ തുടങ്ങി ഏവരും പ്രശംസ അർഹിക്കുന്നു. പാട്ടുകളും പാശ്ചാത്തല സംഗീതവും സന്ദർഭോചിതമാം വിധം കടന്നുപോയി.

നീതി ബോധവും കർമ്മ ശേഷിയുമുള്ള പൗരന്മാർ ഉണ്ടാവാത്തത്തിന്റെ കാരണം സമൂഹവും, നിയമത്തെ അട്ടിമറിക്കുന്ന കാര്യങ്ങൾ അരങ്ങേറുന്നത് ഭരണകർത്താക്കളുടെ സാമൂഹിക ഇടപെടലിന്റെ ന്യൂന്യതയുമാണ്. രാഷ്ട്രീയ സിനിമ എന്നത് രാഷ്ട്രീയ നേതാക്കളുടെ അഴിമതി കഥകളോ, മറ്റു ഭരണ നേട്ടങ്ങളുടെയോ, കുറവുകളുടെയോ ദൃശ്യാവിഷ്കാരങ്ങളോ അല്ലെന്നും മറിച്ച് സാമൂഹികാവസ്ഥയുടെ സത്യാസന്ധമായ അവതരണമാണെന്നും 'ഞാൻ സ്റ്റീവ് ലോപ്പസ്സ്' സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്തന്നെ ഈ കാലഘട്ടത്തിലെ മികച്ച രാഷ്ട്രീയ സിനിമയായി വിലയിരുത്താം ചിത്രത്തെ.

No comments:

Post a Comment